മൂന്ന് വയസുകാരി പീഡനത്തിന് ഇരയായ കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ?; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പൊലീസ്

May 22, 2025

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി പിതൃസഹോദരനില്‍ നിന്ന് ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പൊലീസ്. കുഞ്ഞിനെ പിതൃസഹോദരന്‍ പീഡിപ്പിച്ച കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം. ഈ വിഷമത്തിലാണോ അമ്മ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞത്?, പെട്ടെന്ന് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊല്ലാനുള്ള പ്രകോപനം എന്ത്?, കൊലപാതകത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അങ്ങനെ തോന്നിയപ്പോള്‍ പുഴയിലേക്ക് എറിഞ്ഞു എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോള്‍ പീഡന കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിതൃസഹോദരനെ ഇന്ന് രാത്രിയില്‍ കോലഞ്ചേരി കോടതിയിലെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ഒരു വര്‍ഷത്തിലധികം കാലം കുഞ്ഞിനെ ഇയാള്‍ പീഡിപ്പിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അന്ന് രാവിലെയും കുഞ്ഞിനെ പീഡിപ്പിച്ചതായും പിതൃസഹോദരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യങ്ങള്‍ ഒന്നും അറിയില്ല എന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതെന്നും പൊലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും പൊലീസ് കരുതുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ സ്വരചേര്‍ച്ചയിലായിരുന്നില്ല. കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുമായി ഏറ്റവുമധികം അടുപ്പമുള്ളയാളാണ്. അതുകൊണ്ടാകാം കുട്ടി മറ്റൊരാളോട് പരാതി പറയാതിരുന്നതെന്നും പൊലീസ് കരുതുന്നു. പിതൃസഹോദരന്റെ വീട്ടിലെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കേസിന് നിര്‍ണായകമായ തുമ്പ് ലഭിക്കുമെന്നും പൊലീസ് കരുതുന്നുണ്ട്. മൂന്നു വയസുകാരി ക്രൂര പീഡനത്തിന് വിധേയയായി എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതൃസഹോദരന്‍ പിടിയിലായത്.

കുട്ടി നിരന്തരം ശാരീരിക പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

LATEST NEWS
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത്...