ഡല്‍ഹി: ഭൂകമ്പം ഉണ്ടാകുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാന്‍ കഴിയുമോ? ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറിലൂടെ കഴിയും. ‘Earthquake Detector’ എന്നാണ് ഫീച്ചറിന്റെ പേര്. ഭൂകമ്പം സംഭവിക്കുമ്പോള്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. ഫോണില്‍ ഈ ഫീച്ചര്‍ ആക്ടീവാക്കാം.
ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?
ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നത് ആന്‍ഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ലഭ്യമാണെന്നാണ്. ഫീച്ചര്‍ ഓണ്‍ ആക്ടിവേറ്റ് ചെയ്യാന്‍ സ്മാര്‍ട്ട്ഫോണിലെ സെറ്റിങ്‌സ് തുറക്കുക. സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക, എര്‍ത്ത്ക്വയ്ക്ക് അലേര്‍ട്ട്‌സ് എന്ന ഓപ്ഷന്‍ കണ്ടെത്തി ഇനേബിള്‍ ചെയ്യുക.
സ്മാര്‍ട്ട്ഫോണില്‍ അലേര്‍ട്ട് സിസ്റ്റം സജ്ജീകരിച്ചു കഴിഞ്ഞാല്‍ സമീപത്ത് ഭൂകമ്പങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ലഭിക്കും. എന്നിരുന്നാലും, ഈ അലേര്‍ട്ട് സിസ്റ്റം 4.5 തീവ്രതയോ അതില്‍ കൂടുതലോ ഉള്ള ഭൂകമ്പങ്ങള്‍ക്ക് മാത്രമേ മുന്നറിയിപ്പുകള്‍ നല്‍കുകയുള്ളു. തീവ്രത കുറഞ്ഞ ഭൂകമ്പങ്ങളില്‍ ഇത് പ്രവര്‍ത്തിക്കില്ല.
എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ഒരു ആക്സിലറോമീറ്റര്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഒരു സീസ്‌മോമീറ്ററിന് സമാനമായി പ്രവര്‍ത്തിക്കുന്നു. ഭൂകമ്പം അനുഭവപ്പെടുമ്പോള്‍ ഈ സെന്‍സര്‍ വൈബ്രേഷനുകള്‍ കണ്ടെത്തി ഉപയോക്താക്കള്‍ക്ക് അലര്‍ട്ടുകള്‍ അയയ്ക്കുന്നു.
ഭൂകമ്പത്തിന്റെ തീവ്രതയും അത് എത്ര അകലെയാണ് സംഭവിച്ചതെന്നുമുള്ള വിവരങ്ങള്‍ അലര്‍ട്ടിലുണ്ടാവും. ഇന്റര്‍നെറ്റ് സിഗ്‌നലുകളുടെ വേഗം ഭൂകമ്പ തരംഗങ്ങളേക്കാള്‍ വളരെ വേഗമുള്ളതായതുകൊണ്ട് അതിവേഗം രക്ഷാസ്ഥാനം കണ്ടെത്താന്‍ അലര്‍ട്ട് ഉപകരിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.