ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ കാറില്‍ നിന്ന് ഇറങ്ങവെ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടർ ഗോപാല്‍ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
ഇതിനിടെ ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസമർദ്ദത്തിന് മരുന്ന കഴിക്കുന്നുണ്ടായിരുന്നുവെന്നുമാണ് ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഭർത്താവിന് ഉണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ലെന്നാണ് ഭാര്യയുടെ പ്രതികരണം.


















