ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കും

Sep 13, 2022

seena

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പ്പറേഷന്‍ പിന്‍വലിക്കും. സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

‘അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്‌മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.’ ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഓണാഘോഷ ദിവസം ജോലി ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സ്വന്തം പണം കൊടുത്തു വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ വലിച്ചെറിഞ്ഞത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ തൊഴിലാളികളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നിരുന്നു. ഭക്ഷണത്തോട് അപമര്യാദയോടെയുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞത്.

ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തു. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്‍പ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസ് തുറക്കാനിരിക്കെയാണ് സിഐടിയു സമ്മർദ്ദം ശക്തമാക്കി രംഗത്തെത്തിയത്.

അതിനിടെ, സംഭവത്തില്‍ നടപടി നേരിട്ട ജീവനക്കാര്‍ മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇന്നലെ വിശദീകരണക്കത്ത് നല്‍കിയിരുന്നു. ധിക്കാരപരമായി പ്രതികാരനടപടിയെന്നോണമാണ് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാ​ഗത്തിലെ ഏതാനും ഉദ്യോ​ഗസ്ഥർ പെരുമാറിയത്. ഇതേത്തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് പ്രതിഷേധിച്ച് ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ അറിയിച്ചിരുന്നു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...