തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കാരക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ഇവർക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തിൽ ഉൾപ്പെട്ട പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.



















