ദുബായ്: അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവൻ നൽകി പ്രവാസി യുവാവ്. ചാലക്കുടി സ്വദേശി യു. വി.ഗോപകുമാറാണ് മരണത്തിലും അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്. യുഎഇയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസന്നാധ്യമായിരുന്നു ഗോപകുമാർ. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു. ജി. വേലായുധന്റെ മകനാണ് ഇദ്ദേഹം.

ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ ഗോപകുമാറിന് കഴിഞ്ഞ തിങ്കളാഴ്ച ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ന്യൂറോസര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. 13ന് രാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിക്കുകയായിരുന്നു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വർക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിൽ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വച്ചത്.
രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണ് ഒരു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.
ഓർമയുടെ ജാഫ്സ മേഖലാ പ്രവർത്തകനായിരുന്നു ഗോപകുമാര്‍. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഈ യുവാവ്.


















