പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു.
2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച് കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത അപ്പാരൽ പാർക്കിന്റെ പ്രവർത്തനം മൂന്നുവർഷം പിന്നിട്ട് 2023-ൽ അവസാനിക്കുകയും ചെയ്തു.
അപ്പാരൽ പാർക്കിന്റെ നിർമാണത്തിനായി കുടുംബശ്രീ ജില്ലാമിഷനിൽനിന്ന് 35.43 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സാധനങ്ങൾ വാങ്ങാനുമായി വിനിയോഗിച്ചപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായുള്ള പണം ലഭ്യമല്ലാതെ വന്നു. ആധുനിക തയ്യൽ യന്ത്രങ്ങളടക്കമാണ് അപ്പാരൽ പാർക്കിനായി വാങ്ങിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തയ്യൽ യന്ത്രങ്ങൾ വാങ്ങിച്ചതിനും സ്ഥാപിക്കുന്നതിനുംവേണ്ടിമാത്രം 23.05 ലക്ഷം രൂപ വിനിയോഗിച്ചു. ഇതിനു പുറമേ ഓഫീസ് വിഭജനം, വൈദ്യുതീകരണം, ഫർണിഷിങ് എന്നിവയ്ക്കായി 8.40 ലക്ഷം രൂപയും ഫാൻ, ലൈറ്റ് എന്നിവയ്ക്കായി 62,250 രൂപയും വിനിയോഗിച്ചതായി പറയുന്നു.
ഉത്പന്നങ്ങൾ വിറ്റഴിച്ച് കിട്ടുന്ന ലാഭം വിനിയോഗിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, നാലുവർഷം പ്രവർത്തിച്ചിട്ടും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചു. 2019-2020 സാമ്പത്തിക വർഷത്തിൽ വിറ്റുവരവിൽ ഒരുമാസത്തെ ശരാശി വരുമാനം 41,500 രൂപ മാത്രമാണ്. എന്നാൽ, 2023-ൽ അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഒരുമാസത്തെ ശരാശരി വരുമാനം 20,000 രൂപയിൽ താഴെയായി മാറി.
അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ തയ്യൽ യന്ത്രങ്ങളും മറ്റ് അനുബന്ധ യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പ്രവർത്തനം നിലച്ച് രണ്ടുവർഷം കഴിയുമ്പോൾ അപ്പാരൽ പാർക്കിന്റെ മേൽക്കൂരയ്ക്കു താഴെ സ്ഥാപിച്ചിരുന്ന സീലിങ്ങുകൾ പൂർണമായും തകർന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളെല്ലാം പൊടി മൂടിയും തുരുമ്പെടുത്തും നശിച്ചു.
ജീവനക്കാരായ സ്ത്രീകൾ മറ്റ് ജോലികൾ തേടി പോയി. ഓരോ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അപ്പാരൽ പാർക്ക് ഉടൻ പ്രവർത്തിപ്പിക്കുമെന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ എത്തുന്നതല്ലാതെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയിെല്ലന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ വീണ്ടും അപ്പാരൽ പാർക്ക് പ്രവർത്തനസജ്ജമാക്കണമെങ്കിൽ മുപ്പതുലക്ഷത്തിൽ അധികം തുക വേണ്ടിവരുമെന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ലായെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

















