മുടക്കുന്നത് കോടികള്‍, പേറ്റന്റുകള്‍ വളരെ തുച്ഛം; വെള്ളാനകളായി കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍

Apr 18, 2025

തിരുവനന്തപുരം: എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന് പറഞ്ഞ പോലെയാണ് നമ്മുടെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണം വളരെ കുറവാണ്. ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷെ രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണത്തില്‍ വളരെ പിറകിലാണ് നമ്മള്‍.

2023-24 മുതല്‍ കേരള സര്‍ക്കാര്‍ ഗവേഷണത്തിനായി പ്രത്യേക ബഡ്ജറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം 4000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പക്ഷെ ഇതുകൊണ്ട് കാര്യമായ ഒരു ഫലവും ഉണ്ടായിട്ടില്ല. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിച്ച 100 പേറ്റന്റുകളില്‍ 66 ശതമാനം കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ നേടിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ 7 ശതമാനവും ഗവേഷണ സ്ഥാപനങ്ങള്‍ വെറും രണ്ട് ശതമാനവും നേടി.

ഗവേഷണ വികസന (ആര്‍ & ഡി) മേഖലയില്‍ കേരള സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍ ബൗദ്ധിക സ്വത്തവകാശ തലത്തിലേക്ക് വികസിപ്പിക്കാനാകുന്നില്ല. സംസ്ഥാനം അതിന്റെ ജിഎസ്ഡിപിയുടെ 0.30 ശതമാനം ഗവേഷണത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഇത് അന്തര്‍ സംസ്ഥാന ശരാശരിയായ 0.24 ശതമാനത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ 0.14 പേറ്റന്റ് അപേക്ഷകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. 14 പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 13-ാം സ്ഥാനത്താണ് കേരളമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ ‘കേരള ഇക്കണോമി’ എന്ന എഡിഷനില്‍ വ്യക്തമാക്കുന്നു.

ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ തുക നീക്കിവയ്ക്കുന്നുണ്ടെങ്കിലും പേറ്റന്റ് ജനറേഷനില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമായ രാജേഷ് മെനി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ‘എവിഡന്‍സ്-ബേസ്ഡ് ഫിനാന്‍ഷ്യല്‍ ഫോര്‍ കേരളാസ് നോളജ് എക്കണോമി: പേറ്റന്റ് മെട്രിക്‌സ് ഫോര്‍ പോളിസി റിഫോം’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

മൊത്തം വിഹിതത്തിന്റെ 44.81 ശതമാനം ലഭിച്ചിട്ടും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേരളത്തിലെ പേറ്റന്റുകളില്‍ 7.29 ശതമാനം മാത്രമേ നേടിയിട്ടുള്ളൂ. കാര്‍ഷിക ഗവേഷണത്തിന് 14.03 ശതമാനം ഫണ്ട് ലഭിച്ചു, പക്ഷേ 1.65 ശതമാനം പേറ്റന്റുകളാണ് നേടിയത്. അതേസമയം വ്യവസായ ഗവേഷണ രംഗത്ത് താരതമ്യേന മികച്ച പ്രകടനമാണ്. വ്യവസായ രംഗത്ത് 9.16 ശതമാനം മാത്രം വകയിരുത്തിയപ്പോള്‍, 24 ശതമാന പേറ്റന്റുകളാണ് ലഭിച്ചത്. ഗവേഷണ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള വിജ്ഞാന കൈമാറ്റ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടിങ്ങ് മോഡലുകള്‍ നടപ്പിലാക്കുക തുടങ്ങിയവ ഈ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് രാജേഷ് പറഞ്ഞു.

cake tower new
LATEST NEWS
പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍...