ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലം ഉയരുന്നു; പൈലിങ് ജോലികൾ ആരംഭിച്ചു

Oct 23, 2026

കൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ തുടങ്ങി. ദുരന്തത്തിനു പിന്നാലെ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്.

267.95 മീറ്റർ നീളത്തിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ പുഴയ്ക്ക് കുറുകെയുള്ള ഭാഗത്തിന് 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്റർ വീതവുമാണ് നീളം. പുഴയ്ക്കുള്ളിൽ തൂണുകളില്ലാത്ത രീതിയിൽ ബോസ്ട്രിങ് മാതൃകയിൽ ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിർമാണം. ഉരുൾപൊട്ടൽ സമയത്ത് പുഴയിൽ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനേക്കാൾ ഉയരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചൂരൽമല ടൗണിന് സമീപം തുടങ്ങി മുണ്ടക്കൈ, അട്ടമല റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് പാലം നിർമിക്കുന്നത്. നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (യുഎൽസിസി). നിലവിൽ ചൂരൽമല ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലാണ് പൈലിങ് നടക്കുന്നത്.

എന്നാൽ, ചൂരൽമല ടൗണിനോട് ചേർന്നുള്ള പ്രദേശത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ അടുത്തിടെ ജില്ലാ കലക്ടറുമായി ചർച്ച നടത്തിയിരുന്നു. പൂർണമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുനൽകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

“പാലം നിർമാണത്തിനുള്ള കരാർ നൽകിയിട്ട് രണ്ടുവർഷത്തോളമായി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിർമാണം തുടങ്ങാൻ വൈകിപ്പിച്ചത്. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ നിർമാണം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയായാൽ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാൻ രണ്ടുവർഷം കൂടി വേണ്ടിവരും,” നിർമാണത്തിന്റെ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അസിസ്റ്റന്റ് എൻജിനീയർ അർച്ചന സി.ആർ. പറഞ്ഞു.അതേസമയം, പാലം നിർമാണസ്ഥലത്തുനിന്ന് അട്ടമലയിലേക്കുള്ള റോഡിന്റെ നവീകരണം ഒൻപത് കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. പാലവും അപ്രോച്ച് റോഡുകളും യാഥാർഥ്യമാകുന്നതോടെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

LATEST NEWS
സിം ആക്ടീവ് അല്ലെങ്കില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ലഭിക്കില്ല; അറിയാം ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങള്‍

സിം ആക്ടീവ് അല്ലെങ്കില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ലഭിക്കില്ല; അറിയാം ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങള്‍

ഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ മെസേജിങ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍;...