ദുബായ്: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടത് ടെൽ അവീവിലെ വിമാനത്താവളത്തിലാണെന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം സാധാരണപോലെ യാത്ര തുടരാനാണ് ഉദ്ദേശിച്ചതെന്നും വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി നേടിയ ശേഷം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യമെന്നും ഇയാൾ ഇസ്രയേൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പടുത്തി. എന്നാൽ, സ്മിത്ത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ പദ്ധതി പൊളിയുകയായിരുന്നു.

ഏറെക്കാലമായുള്ള തൻ്റെ പദ്ധതിയായിരുന്നെന്നും ഫ്ലൈ ദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യവുമായിട്ടാണെന്നും അൽ ഹമ്മാമ്മി സമ്മതിച്ചു. പല തവണ ഇസ്രയേലിലേക്ക് വിമാനം പറത്തുകയും ഒടുവിൽ വ്യക്തമായ ഒരു പ്ലാൻ തയാറാക്കുകയും ചെയ്തു. ജൂണിലും ജൂലൈയിലും ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.

സംഭവ ദിവസം പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ് സീറ്റിൽ നിന്ന് മാറുകയായിരുന്നു. കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ചാണ് പിന്നിൽ നിന്ന് പൈലറ്റ് സ്മിത്ത് മച്ചാറിൻ്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ തലക്കടിയേറ്റിട്ടും സ്മിത്ത് മച്ചാർ എതിർത്ത് നിന്നതും കോക്പിറ്റ് വാതിൽ തുറന്നതുമാണ് തൻ്റെ പദ്ധതി പൊളിയാൻ കാരണമെന്നും ഇയാൾ സമ്മതിച്ചു.
ഇതിനിടെ രണ്ടു വർഷത്തോളം ഹമ്മാമ്മി ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ വച്ച് ഇയാൾ മതമൗലികവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരത്തെ തുടർന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.




















