മോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Feb 27, 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ മുതൽ ഉച്ച വരെയും നാളെ 11 മണി മുതൽ ഉച്ച വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും.

പാര്‍ക്കിങ്ങിന് നിരോധനം

പുലർച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് – പേട്ട – ആശാൻ സ്ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാരടക്കം മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇൻര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കിൽ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തെരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിൻറെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...