വർക്കലയിൽ വീടിന് മുകളിൽ കുന്ന് ഇടിഞ്ഞുവീണു; വൃദ്ധ ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Nov 15, 2021

വർക്കല : വെട്ടൂർ വലയെന്റെകുഴിയിൽ ഷീറ്റ് മേഞ്ഞ വീടിനു മുകളിലൂടെ ഏകദേശം 50 അടി ഉയരമുള്ള കുന്ന് ഇടിഞ്ഞുവീണു. മണ്ണിനടിയിൽ അകപ്പെട്ട വൃദ്ധ ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വലയെന്റെകുഴി ജാനകി ഭവനത്തിൽ മോഹനൻ(62) ശ്രീകല (55) ദമ്പതിമാരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ആയിരുന്നു സംഭവം മോഹനന്റ്റെ തലയുടെ കുറച്ചു ഭാഗം ഒഴിച്ച് ബാക്കി ശരീരഭാഗം മുഴുവൻ മണ്ണിനടിയിൽ ആവുകയും, നിലവിളിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ശ്രീകലയുടെ തല ഒഴിച്ചുള്ള ഭാഗം മുഴുവൻ മണ്ണിനടിയിലായിരുന്നു. അവരുടെ നിലവിളി കേട്ടാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയത് .വളരെ ശ്രമകരമായി മണ്ണ് നീക്കം ചെയ്ത് അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുകയായിരുന്നു. മഴപെയ്യാതിരുന്നത് രക്ഷാപ്രവർത്തനം സുഗമമാക്കി. അല്പസമയത്തിനുള്ളിൽ ആംബുലൻസും, ഫയർഫോഴ്സും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ദമ്പതിമാരെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രുഷ നൽകി. വിശദ പരിശോധനക്കായി അവരെ അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ശ്രീകലയുടെ വലതുകാലിന് പൊട്ടൽ ഉണ്ടായി.മണ്ണ് കൊണ്ട് മൂടി ശരീരം ആസകലം ചതവ് സംഭവിച്ചിട്ടുണ്ട്. മോഹനന് ശ്വാസതടസ്സം അനുഭവപ്പെട്ടു എങ്കിലും പരിക്കുകൾ ഇല്ലാതെ അപകടത്തിൽ നിന്നും രക്ഷപെട്ടു.

അഡ്വ:ജോയി എം.എൽ.എ, ഡെപ്യൂട്ടി തഹസിൽദാർ സൈമ ഭാസ്കർ, കൗൺസിലർമാരായ സുനിൽ,എമിലി എന്നിവരും രാവിലെ സംഭവസ്ഥലത്തെത്തി. അപകടത്തിൽപെട്ടവരെ മാറ്റി പാർപ്പിക്കൽ തുടങ്ങി ആവശ്യമായ പരിരക്ഷ കുടുംബത്തിന് ലഭ്യമാക്കുമെന്ന് ഉറപ്പുകൊടുത്തു.

ചരിവുള്ള കുന്നിൻപ്രദേശത്ത് ഭാര്യയുടെ പേരിലുള്ള 3 സെന്റ് ഭൂമിയിൽ വീട് വയ്ക്കുന്നതിനുവേണ്ടിയാണ് താൽക്കാലിക ഷെഡ് കെട്ടി മോഹനൻ തമാസിച്ചിരുന്നത്. സമീപത്തെ കുന്ന് ഇടിച്ചപ്പോൾ വീട് വയ്‌ക്കാൻ വേണ്ടി തന്റെ വസ്തുവും നിരപ്പാക്കിയിരുന്നു. ഇതിനോട് ചേർന്നുള്ള കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കുന്നിൻ പ്രദേശങ്ങളിൽ നിന്നും മണ്ണ് ഇടിച്ചു മാറ്റുന്നതാണ് അപകടങ്ങൾക്ക് വഴി തെളിക്കുന്നതെന്ന് ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു. ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതിയോടെയാണ് പ്രദേശത്ത് കുന്നിടിച്ചു മണ്ണ് മാറ്റുന്നത്. എന്നാൽ ജിയോളജിക്കൽ ഉദ്യോഗസ്ഥർ നേരിട്ട് സ്‌ഥല പരിശോധന നടത്തി മാത്രമേ ഇത്തരത്തിൽ അനുമതി നൽകാൻ പാടുള്ളൂവെന്നും, മണ്ണ് എടുത്ത് മാറ്റിയതിനു ശേഷം വീണ്ടും സ്ഥല പരിശോധന നടത്തി ഉറപ്പു വരുത്തിയാൽ മാത്രമേ ഇത്തരത്തിൽ ഉള്ള ദുരന്തങ്ങൾ ഒഴിവാക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തിയിട്ടുണ്ടോയെന്ന് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നിടിച്ചു മണ്ണ് മാറ്റാൻ നൽകുന്ന അനുമതി വച്ചുകൊണ്ട് അനുവദിച്ചതിൽ അധികം മണ്ണ് മാറ്റുന്നുണ്ടെന്നും പ്രദേശം സന്ദർശിച്ചപ്പോൾ മനസ്സിലായെന്നു അദ്ദേഹം പറഞ്ഞു. സംഭവത്തിന് വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും, കുടുംബത്തിന് അടിയന്തിര ധനസഹായത്തിന് ശുപാർശ ചെയ്യുമെന്നും ഡെപ്യൂട്ടി തഹസിൽദാർ വ്യക്തമാക്കി.

LATEST NEWS
സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ...