താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

Jul 20, 2026

seena

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേരള പൊലീസ് മുഖ്യപ്രതിയായ ഡോക്ടര്‍ എ കെ റാമിനെ പിടികൂടുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രൊഫസറായ ഡോക്ടര്‍ റാം, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവില്‍ താമസിച്ചിരുന്നത്. താടി വെച്ച് രൂപം മാറിയായിരുന്നു താമസം.

ഒളിവില്‍ താമസിച്ച കാലത്ത് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതും റാമിനെ കണ്ടെത്തുന്നതില്‍ പൊലീസിനെ വലച്ചു. തുടര്‍ന്ന് റാമുമായി ബന്ധമുള്ളവരുടെ മൊബൈല്‍ ഫോണുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഇതോടെയാണ് റാമിന്റെ ഒളിയിടങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. റാമിന്റെ നാടായ ചിറ്റൂരില്‍ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവന്നത്.

ഇതിനിടെ, ഗുണ്ടൂരിലേക്ക് മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഗുണ്ടൂരിലെത്തിയപ്പോഴേക്കും, തൊട്ടുമുമ്പായി റാം അവിടെ നിന്നും കടന്നു കളഞ്ഞു. ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ഒരു നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണമാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോള്‍ അപ്പോഴപ്പോള്‍ റാമിന് വിവരം കൈമാറിയിരുന്നു.

ഇതിനിടെ ഡോക്ടര്‍ റാം ബംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കുടകില്‍ ഡോക്ടര്‍ റാം എത്തിയതായി വിവരം ലഭിക്കുന്നത്. കുടകിലെ ഒളിയിടത്തില്‍ നിന്നും മറ്റൊരിടത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ്, ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടുന്നത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ഡോക്ടര്‍ റാമിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മരിച്ച നിതിന്‍ രാജിന്റെ പിതാവ് രാജന്‍ അഭിപ്രായപ്പെട്ടു. നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന് പങ്കുണ്ട്. അയാള്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിക്കേണ്ട കാര്യമില്ലല്ലോ. ഡോക്ടര്‍ റാം മാത്രമല്ല, നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

cake tower new
LATEST NEWS