‘രാവണന്‍ എഫക്ടില്‍’ ഇളകി മറിഞ്ഞ് തിയേറ്ററുകള്‍

Oct 10, 2025

രാവണന്‍ എഫ്ക്ടില്‍ അമ്പരന്നിരിക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍. 24 വര്‍ഷത്തിന് ശേഷം മംഗലശ്ശേരി നീലകണ്ഠനും മകന്‍ എംഎന്‍ കാര്‍ത്തികേയന്‍ എന്ന കാര്‍ത്തികേയന്‍ മുതലാളിയും വീണ്ടുമെത്തിയിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ, പോപ്പ് കള്‍ച്ചറിന് ഒരുപാട് പ്രയോഗങ്ങള്‍ സമ്മാനിച്ച ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന രാവണപ്രഭുവിന് മലയാളി നല്‍കിയ സ്വീകരണം സമാനതകളില്ലാത്തതാണ്.

പാട്ടിന് പാട്ട്, ആക്ഷന് ആക്ഷന്‍, ഇമോഷന് ഇമോഷന്‍ അങ്ങനെ മാസ് മസാല ചേരുവ ഇത്ര കൃത്യമായി കോര്‍ത്തിണക്കിയ സിനിമകള്‍ അപൂര്‍വ്വമാണ്. അതുകൊണ്ടാകാം രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും മാസിന് ആഘോഷിക്കാന്‍ സാധിക്കുന്ന സിനിമയായി രാവണപ്രഭുവിനെ നിലനിര്‍ത്തുന്നത്. 2001 ല്‍ രാവണപ്രഭു റിലീസാകുമ്പോള്‍ ജനിച്ചിട്ട് പോലുമില്ലാത്തവര്‍, അന്നത്തെ യൂത്തന്മാരായിരുന്ന അച്ഛന്മാര്‍ക്കൊപ്പം, അവരേക്കാള്‍ ആവേശത്തോടെയാണ് കാര്‍ത്തികേയന്‍ കരിമേഘക്കെട്ടഴിക്കുന്നത് കാണാനെത്തുന്നത്.

തിയേറ്ററുകള്‍ക്ക് കാര്‍ത്തിക്കേയനും നീലകണ്ഠനും തീയിടുമ്പോള്‍ ആരാധകര്‍ അന്വേഷിക്കുന്നത് ഒരാളെക്കുറിച്ചാണ്. രാവണനെ പ്രണയിച്ച ജാനകിയെ, രാവണപ്രഭുവിലെ നായിക വസുന്ധര ദാസ്. എവിടെയാണ് വസുന്ധര ദാസ്?

മലയാളിയ്ക്ക് വസുന്ധര ദാസിനെ പരിചയം രാവണപ്രഭുവിലെ നായികയെന്ന നിലയിലാണ്. മമ്മൂട്ടിയുടെ നായികയായി വജ്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രാവണപ്രഭു നേടിയ സ്വീകാര്യതയും കള്‍ട്ട് സ്റ്റാറ്റസും കാരണം മലയാളിയ്ക്ക് വസുന്ധര ദാസെന്നാല്‍ കാർത്തികേയന്റെ ജാനകിയാണ്.

വളരെ കുറച്ച് കാലം മാത്രമാണ് വസുന്ധര ദാസ് അഭിനയച്ചിട്ടുള്ളത്. 2000 ല്‍ അഭിനയം തുടങ്ങിയ വസുന്ധര ദാസ് 2007 ഓടെ അഭിനയം അവസാനിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ രണ്ട് സിനിമകളേ ചെയ്തുള്ളൂവെങ്കിലും തമിഴിലും ഹിന്ദിയിലുമായി നല്ല കുറച്ച് സിനിമകള്‍ തന്റെ ഫിലിമോഗ്രഫിയില്‍ ചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍ ഒരുക്കിയ ഹേ റാമിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ മീര നായരുടെ മണ്‍സൂണ്‍ വെഡ്ഡിങ്, ഇന്നും സിനിമാ സ്‌നേഹികള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ. ശേഷം അജിത്തിനൊപ്പം സിറ്റിസണ്‍ അടക്കം ചില സിനിമകളിലും അഭിനയിച്ചു.

നടിയായ വസുന്ധര ദാസിനെക്കാള്‍ ഗായികയായ വസുന്ധര ദാസ് ആണ് വിജയം കണ്ടെത്തിയത്. ഇന്നും ഡാന്‍സ്ഫ്‌ളോറുകള്‍ക്ക് തീപടര്‍ത്തുന്നതാണ് വസുന്ധര ദാസിന്റെ പാട്ടുകള്‍. മുതല്‍വനിലെ ഷക്കലക്ക ബേബി, റിതത്തിലെ അയ്യോ പത്തിക്കിച്ചു, ഖുഷിയിലെ കട്ടിപ്പുടി കട്ടിപ്പുടി, ലഗാലിനെ ഓരേ ഛോരി, ബോയ്‌സിലെ സരിഗമേ, കല്‍ ഹോ ന ഹോയിലെ ഇറ്റ്‌സ് ടൈം ടു ഡിസ്‌കോ, മേം ഹൂം നയിലെ ഛലേ ജൈസേ ഹവായേന്‍, അന്നിയനിലെ കണ്ണും കണ്ണും, ഇതൊന്നുമില്ലാത്ത എത്ര കോളേജ് പരിപാടികള്‍ ഇന്നും കാണാന്‍ പറ്റും? ഈ പാട്ടുകളിലൂടെ പോപ്പ് കള്‍ച്ചറില്‍ എന്നന്നേക്കുമായി തന്നെ അടയാളപ്പെടുത്തുകയായിരുന്നു വസുന്ധര ദാസ്.

2012 ഓടെ പിന്നണി ഗാന രംഗത്തു നിന്നും വസുന്ധര ദാസ് പൂര്‍ണമായും പിന്‍മാറി. വിവാഹ ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നതോടെ കുറച്ചുനാള്‍ എല്ലാത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും സംഗീതത്തോട് അധികനാള്‍ അകലം പാലിക്കാന്‍ അവര്‍ക്ക് സാധിക്കില്ലായിരുന്നു. വീണ്ടും സംഗീത വേദികളിലേക്ക് വസുന്ധര ദാസ് മടങ്ങിയെത്തി. ഡ്രമ്മറായ ഭര്‍ത്താവ് റോബര്‍ട്ടോ നരെയ്‌നൊപ്പം തങ്ങളുടെ മ്യൂസിക് ബാന്റിന്റെ ഷോകളുമായി സംഗീത ലോകത്ത് തിരക്കിലാണ് വസുന്ധര ദാസ് ഇന്ന്. സംഗീതമാണ് ഇന്ന് തനിക്ക് എല്ലാമെന്നാണ് വസുന്ധര ദാസ് പറയുന്നത്. ഡ്രംജാം എന്ന തങ്ങളുടെ മ്യൂസിക് ബാന്റിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് താരം ഇന്ന്.

രാവണപ്രഭു വീണ്ടും തീയേറ്ററുകളില്‍ ആഞ്ഞടിക്കുമ്പോള്‍, രാവണനെ പ്രണയിച്ച ജാനകിയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സിനിമ കാണാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കമന്റ് ബോക്‌സിലേക്ക് ഒഴുകിയെത്തിയവരെല്ലാം ഒരുപോലെ ചോദിക്കുന്നത്, ഒരിക്കല്‍ കൂടെ വസുന്ധരയെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമോ എന്നാണ്. കാത്തിരിക്കാം ആ തിരിച്ചുവരവിനായി.

LATEST NEWS