ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ നടപ്പാതയുടെയും കോളനിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും ആദ്യഘട്ട ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ രവികുമാർ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻനായർ, മാധവൻനായർ, ഫസിലുദ്ദീൻ, മുരളി തുടങ്ങിയവർ പങ്കെടുത്തു.
പണയിൽ കോളനി നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വന്തം വീടുകളിലേക്ക് യാത്ര ചെയ്യാനുള്ള നടപ്പാത എന്നത്. നഗരസഭയുടെ ജനകീയ ആസൂത്രണംപദ്ധതി പ്രകാരം ലഭിച്ച വീടുകളാണ് പ്രദേശത്ത് ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. എന്നാൽ ശക്തമായ മഴപെയ്താൽ ചതിപ്പു വയലുകളുടെ കരകളിൽ സ്ഥിതിചെയ്യുന്ന വീടുകളിൽ എത്താൻ ചെളിനിറഞ്ഞ വയലുകളിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു ഇവർക്ക്.
കുട്ടികൾക്ക് സ്കൂളിൽ പോകുവാനും, പ്രായമായവർക്കും രോഗികൾക്കും മെയിൻ റോഡിൽ എത്തുവാനും ഏറെ പണിപ്പെടേണ്ട ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും പ്രദേശത്തെ അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ഫണ്ട് അനുവദിക്കുകയും പ്രദേശവാസികൾക്ക് അവരവരുടെ വീടുകളിൽ സുഗമമായി യാത്ര ചെയ്യുന്നതിനു വേണ്ടി പുതിയ നടപ്പാതയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു.


















