ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകിയുടെ വീട് നിര്‍മ്മാണത്തിനായി പണം കണ്ടെത്താനായിട്ടാണ് മുഖ്യപ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് പിതാവ് വി സുരേഷ് (53), കാമുകി എം. മീനാക്ഷി (22) എന്നിവര്‍ അറസ്റ്റിലായിരുന്നു.
ഇവരില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളില്‍ ഏകദേശം 5 കിലോയോളം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബൈക്ക് ടാക്‌സി ഡ്രൈവറായ നിഷാന്തിന്റെ പെണ്‍സുഹൃത്തായ മീനാക്ഷി വീട് പണിതുകൊണ്ടിരിക്കുകയാണ്. വീട് നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള വീഡിയോ മീനാക്ഷി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീടു നിര്‍മ്മാണത്തില്‍ മീനാക്ഷിയ്ക്ക് വലിയ കടമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുക ലക്ഷ്യമിട്ടാണ് ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത്.
മധുരയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നും കോടിക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണ, വജ്രാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. കവര്‍ച്ച ആസൂത്രണത്തില്‍ പെണ്‍സുഹൃത്തായ മീനാക്ഷിക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിഷാന്തായിരുന്നു കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍. പുതുതായി തുടങ്ങിയ ജ്വല്ലറിയില്‍ ലോക്കര്‍ സംവിധാനം സജ്ജമായിട്ടില്ലെന്ന് ഇയാള്‍ മനസ്സിലാക്കി. രാത്രികാലങ്ങളില്‍ ഡിസ്‌പ്ലേ റാക്കില്‍ തന്നെയാണ് സ്വര്‍ണം സൂക്ഷിക്കുന്നതെന്നും മനസ്സിലാക്കിയാണ് മോഷണം പ്ലാന്‍ ചെയ്തത്.
മൂന്നാഴ്ച മുമ്പ് ജ്വല്ലറിയില്‍ എത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത മധുരയിലെ പുതിയ ഷോറൂമിലെ വെന്റിലേറ്റര്‍ വഴി അകത്ത് കടന്നാണ് മോഷണം നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം നിഷാന്ത്, പിതാവ് സുരേഷ്, കാമുകി മീനാക്ഷി എന്നിവരുടെ സഹായത്തോടെയാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. കവര്‍ച്ച നടത്തിയ സമയത്തെ വസ്ത്രങ്ങളും മറ്റ് തെളിവുകളും നശിപ്പിക്കാന്‍ സുരേഷ് സഹായിച്ചുവെന്നും പൊലീസ് കണ്ടെത്തി.
നിഷാന്തും പിതാവും ചേര്‍ന്ന് ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം കത്തിക്കുന്നത് കണ്ടെന്ന് ഒരു യുവാവ് നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. മോഷണം വിജയിച്ച വിവരം നിഷാന്ത് മീനാക്ഷിയെ ഫോണില്‍ അറിയിച്ചിരുന്നു. ഇരുവരും ചാറ്റും ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഡകുളം കണ്‍മോയിയില്‍ (ജലസംഭരണി) മുഖ്യപ്രതി നിഷാന്ത് കുഴിച്ചിട്ട 5 കിലോ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നും ആദ്യം 23 കിലോയോളം ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 11 കിലോയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. 10 കിലോ സ്വര്‍ണ്ണാഭരണങ്ങളും ഒരു കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടമായത്. മുഖ്യപ്രതി നിഷാന്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാളുടെ ഫോണ്‍ അവസാനമായി ഓണ്‍ ആയത് തിരുപ്പൂരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.



















