ഡൽഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന് ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി. 2007ൽ ആദ്യ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലെ സുപ്രധാന സാന്നിദ്ധ്യമായിരുന്നു ഉത്തപ്പ. 46 ഏകദിനങ്ങളിൽ നിന്നായി 934 റൺസും 13 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 249 റൺസും നേടിയിട്ടുണ്ട്.
പേസ് ബൗളർമാരെ പോലും ക്രീസിൽ നിന്നും ചാടിയിറങ്ങി പ്രഹരിച്ചിരുന്ന ഉത്തപ്പ, സമകാലിക ക്രിക്കറ്റിലെ മികച്ച ആക്രമണകാരിയായ ബാറ്റർമാരിൽ ഒരാളായിരുന്നു.“2007 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പരുങ്ങലിലായിരുന്ന ഇന്ത്യയെ തകർപ്പൻ അർദ്ധ സെഞ്ച്വറിയിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഉത്തപ്പയായിരുന്നു. സമനിലയിൽ അവസാനിച്ച മത്സരത്തിൽ, ബൗൾ ഔട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിലും ഉത്തപ്പ നിർണ്ണായക പങ്ക് വഹിച്ചു.

2021ൽ ഐപിഎൽ കിരീടം നേടിയ ചെന്നൈ ടീമിലും ഉത്തപ്പ ഭാഗമായിരുന്നു. 205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 27 അർദ്ധ ശതകങ്ങൾ ഉൾപ്പെടെ 4,952 റൺസ് അടിച്ചു കൂട്ടിയിട്ടുള്ള റോബിൻ ഉത്തപ്പ, ഐപിഎൽ ചരിത്രത്തിലെ ഒൻപതാമത്തെ മികച്ച റൺ വേട്ടക്കാരനാണ്. രഞ്ജി ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ, കേരള രഞ്ജി ടീമിന്റെ ക്യാപ്ടനായും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 2012ലും 2014ലും ഗൗതം ഗംഭീർ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടുമ്പോൾ ഉത്തപ്പയുടെ പ്രകടനം നിർണ്ണായകമായിരുന്നു.


















