തിരുവനന്തപുരം: കഴിഞ്ഞ തീർഥാടന കാലത്തു ശബരിമലയിലെ ദിവസ വേതനക്കാർ ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതിൽ സംശയം. ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചു. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാർ ദിവസവും പണം അയച്ചിരുന്നെന്നാണ് കണ്ടെത്തൽ. ദിവസവേതനക്കാർക്കുള്ള പണം സീസൺ കഴിഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടാണ് ദേവസ്വം ബോർഡ് നൽകാറുള്ളത്. അതിനു മുൻപു ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതു സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കാണു ഭൂരിഭാഗം പേരും പണം അയച്ചിരിക്കുന്നത്. നൂറിലേറെ പേരെയാണു കാണിക്ക പരിപാലനം ഉൾപ്പെടെ വിവിധ ജോലികൾക്കായി സന്നിധാനത്തു നിയമിച്ചിരുന്നത്. പോസ്റ്റ് ഓഫിസ് വഴി 6,000 രൂപ വരെ ചിലർ പ്രതിദിനം അയച്ചെന്നാണു വിവരം. ഭസ്മം, കുങ്കുമം എന്നിവ കലർന്ന നോട്ടുകളാണു ലഭിച്ചതെന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.
എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളാണു സന്നിധാനത്തു പ്രവർത്തിക്കുന്നത്. ബാങ്കുകളിൽനിന്നുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഒരുലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ബാങ്ക് ഇടപാടുകൾ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം. അനധികൃതമായി പണം സമ്പാദിച്ച 5 പേരെ ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നാണു വിവരം.



















