ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

Feb 10, 2026

seena

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. ബംഗലൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍ വെച്ചാണ്ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.താന്ത്രിക വിധി പ്രകാരമുള്ള ഇടപെടലുകള്‍ മാത്രമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളത്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നത്. ദേവസ്വം ബോര്‍ഡാണ് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തനിക്ക് ഒരു പങ്കുമില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് തന്ത്രി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.

cake tower new
LATEST NEWS