ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവിൽ കെഎസ്ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. തിരക്കിനനുസൃതമായി മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 5 വരെയുള്ള ആദ്യഘട്ടത്തിൽ 140 ലോ ഫ്ലോർ നോൺ എ സി, 60 വോൾവോ ലോ ഫ്ലോർ എസി, 15 ഡീലക്സ്, 245 സൂപ്പർഫാസ്റ്റ് – ഫാസ്റ്റ് പാസഞ്ചർ, 10 സൂപ്പർ എക്സ്പ്രസ് 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 473 ബസ്സുകളും ഡിസംബർ 6 മുതലുള്ള രണ്ടാംഘട്ടത്തിൽ 140 നോൺ എ സി ലോ ഫ്ലോർ, 60 വോൾവോ എ സി ലോ ഫ്ലോർ, 285 ഫാസ്റ്റ് പാസഞ്ചർ – സൂപ്പർ ഫാസ്റ്റ്, 10 സൂപ്പർ എക്സ്പ്രസ്, 15 ഡീലക്സ്, 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 513 ബസ്സുകളും സർവീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസ്സുകൾ സർവീസിനായി വിനിയോഗിക്കും.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ സർവീസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽ നിന്നും ഡിമാൻഡ് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾ സമയബന്ധിതമായി അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കും. അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന ഭക്തർക്ക് പമ്പയിലെ യൂ-ടേൺ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകൾ വിതം തയ്യാറാക്കി നിർത്തും. ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂ സംവിധാനത്തില്‍ കെഎസ്ആർടിസി ടിക്കറ്റുകൾ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കെഎസ്ആർടിസി ബസുകൾക്ക് പാർക്കിംഗ് സൗകര്യവും ഹെൽപ്പ് ഡെസ്ക്കും ആവശ്യാനുസരണം ചാർട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ്സുകൾ അറ്റകുറ്റപണികൾ തീർത്ത് സർവീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

















