കഴക്കൂട്ടം: ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. NWWA (SR) പ്രസിഡന്റായ ഭാര്യ സ്വപ്ന ചൗളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരെയും പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഴക്കൂട്ടം സൈനിക സ്‌കൂൾ കൂട്ടായ്മയുടെ പേരിൽ ഉചിതമായ സ്വീകരണം നൽകി ആദരിച്ചു.
1960 കളിൽ തന്റെ പിതാവിന് സൈനിക് സ്‌കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചപ്പോളാണ് കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ആദ്യമായി കേരളത്തിലെത്തിയത്. സൈനിക സ്കൂളിലെ 1977 ബാച്ചിലെ 855 നമ്പർ കേഡറ്റായിരുന്നു. 1978 ജനുവരിയിൽ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. അഞ്ച് യുദ്ധക്കപ്പലുകൾ കമാൻഡ് ചെയ്ത അദ്ദേഹത്തിന്റെ അനുഭവപരിചയം വളരെ വിപുലമാണ്.
ഒരു പൂർവ വിദ്യാർത്ഥിയായതിനാൽ കേഡറ്റായി ചെലവഴിച്ച നാളുകൾ അനുസ്മരിച്ച അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഒപ്പം തന്റെ അന്നത്തെ അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുകയും ചെയ്തു. തന്റെ ജീവിതത്തെ ഈ നിലയിൽ മാറ്റിയെടുത്തതിൽ സൈനിക സ്കൂളിനുള്ള പങ്ക് കേഡറ്റുകളോട് പങ്കുവച്ച അദ്ദേഹം അവരുടെ ഉദ്യമങ്ങളിൽ നേരും ആത്മാർത്ഥതയും പുലർത്താനും അവരുടെ ജീവിതത്തിൽ വിജയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനും ആഹ്വാനം ചെയ്തു.