ചന്ദനമരം മോഷണശ്രമത്തിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ പട്ടി നിഷാദ് എന്ന് വിളിക്കുന്ന നിഷാദ് ആണ് അറസ്റ്റിലായത്. കേസിലെ കൂട്ട് പ്രതി പരവൂർ സ്വദേശി സലിം നേരത്തെ പിടിയിലായിരുന്നു. 2023 ജൂൺ 12 ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനിയുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്.
വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നറിയാവുന്ന മോഷ്ടാക്കൾ ചന്ദനമരം മുറിക്കവേ രാത്രിയിൽ സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കാണുന്നത്. ഇവർ പരിസരവാസിയായ ഒരാളെ ഫോണിലൂടെ വിവരം അറിയിക്കുകയും ഇയാൾ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തു പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തുകയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളായ സലീമിനെ പിടികൂടുകയുമായിരുന്നു.
ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് സലിം പൊലീസിന് മൊഴി നൽകിയിരുന്നു. പരവൂർ തെക്കുംഭാഗം പ്രദേശങ്ങളിൽ സമാനമായ കേസുകളിൽ ഇവർ പ്രതികളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















