സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.
വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.
അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.



















