ആറ്റിങ്ങൽ: സംസ്ഥാനത്തെ വിദ്യാഭാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമിയുടെ ഈ വർഷത്തെ സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. ഐ.എസ്.ഒ. അംഗീകാരമുള്ള എൻ.ജി.ഒ. ആയ സ്കൂൾ അക്കാദമി വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കൂടിയായ എൻ. സാബു പൊതുവിദ്യാലയ ശാക്തീകരണത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം.

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെയും, സഹജീവി സ്നേഹത്തിൻ്റെയും പാഠങ്ങൾ പകർന്നു നൽകുന്നതിന് നടത്തിയ വിവിധ പ്രവർത്തനങ്ങളും എസ്.പി.സി യുടെ സ്റ്റേറ്റ് കോർ ടീം അംഗം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അവാർഡിനായി പരിഗണിച്ചു. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം മികച്ച അധ്യാപകനുള്ള നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്.


















