സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യ തൊഴിലാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നത്. ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ സീപ്ലെയിൻ ഇറക്കുകയാണെങ്കിൽ സംഘടനകളുമായി ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റേത് ജനാധിപത്യ വിരുദ്ധ സീപ്ലെയിൻ ആണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കിയത് ജനകീയ ജനാധിപത്യ സീപ്ലെയിനും. തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണ്. അത് തീര്‍ത്തും ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ സീപ്ലെയിൻ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ പദ്ധതിയിൽ എതിർപ്പുമായി ഇടത് തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തര ആവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും സിപിഐഎം നേതാവും CITU മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ പിപി ചിത്തരഞ്ജൻ പറഞ്ഞു.
മുൻ നിലപാടിൽ മാറ്റമില്ലെന്നും കേരളത്തിൽ മത്സ്യബന്ധനം നടക്കുന്ന ഒരു കായലിലും സീപ്ലെയിൻ ഇറങ്ങാൻ അനുവദിക്കില്ലെന്നും പദ്ധതിയുമായി മത്സ്യബന്ധന മേഖലയിലേക്ക് പോയാൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും CPI ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാത്തിനെയും എല്ലാകാലത്തും എതിർക്കാൻ കഴിയുമോ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യം.