കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ബോർഡിന്റെ കടന്നുവരവ്. 18 പുതിയ അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്
ചില മുൻകാല അംഗങ്ങൾ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടർന്ന് ബോർഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നു എന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്.

പുതിയ അംഗങ്ങൾ
സംവിധായകൻ പ്രിയദർശൻ, പ്രമുഖ നടന്മാരായ മനോജ് ജോഷി, സുനിൽ ഷെട്ടി, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, പ്രൊസെൻജിത് ചാറ്റർജി, സംഗീതസംവിധായകൻ റിക്കി കേജ്, വിനോദ് അനുപം, അഭിഷേക് ജെയ്ൻ, ഹൻസ് രാജ് ഹൻസ്, സുപ്രിയ യർലഗഡ്ഡ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നീല മാധബ് പാണ്ഡ, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രെ, രമേഷ് പടാങ്കെ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സർട്ടിഫിക്കേഷൻ വിവാദങ്ങളും പുതിയ ബോർഡും സർട്ടിഫിക്കേഷൻ പ്രക്രിയകളിലെ കാലതാമസവും തർക്കങ്ങളും അടുത്തിടെ വലിയ ചർച്ചയായിരുന്നു.

ദിൽജിത് ദോസഞ്ജ് നായകനായ ‘പഞ്ചാബ് 95’ എന്ന ചിത്രം പിന്നീട് ‘സത്‌ലജ്’ എന്ന പേരിൽ റിലീസ് ചെയ്തത് ഇതിന് ഉദാഹരണമാണ്. 2022ൽ സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രം മൂന്ന് വർഷത്തോളമാണ് സർട്ടിഫിക്കേഷൻ നടപടികളിൽ കുടുങ്ങിക്കിടന്നത്. ബോർഡ് 127 കട്ടുകൾ ആവശ്യപ്പെട്ടതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരോപിച്ചിരുന്നു. പുതിയ പേരിൽ ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും മണിക്കൂറുകൾക്കകം ഇന്ത്യയിൽ നിന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. ‘വെൽക്കം ടു ദി ജംഗിൾ’ ഉൾപ്പെടെയുള്ള മറ്റ് ചില ചിത്രങ്ങളും സമാനമായ പരിശോധനകളും മാറ്റങ്ങളും നേരിട്ടിരുന്നു.




















