കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു. കൊച്ചിയിലാണ് അന്ത്യം. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മോർച്ചറിയിൽ.
രണ്ട് ദിവസം മുൻപ് ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അൻപതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നിവയാണ് പുതിയ സിനിമകൾ. അതിമനോഹരം ഡിസംബർ 24 ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മോളിവുഡിന് പുറമേ, കോളിവുഡും പ്രവർത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്.



















