തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് സ്ലീപർ കംപാർട്ട്മെന്റ് പാമ്പിനെ കണ്ടത്. യാത്രക്കാർ ബഹളം വച്ചു. ഇതിനിടെ യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടി മാറ്റി. ഉടനെ പാമ്പ് കംപാർട്മെന്റിലൂടെ മുന്നോട്ടു പോയി.

രാത്രി 10.15 ഓടെ ട്രെയിൻ കോഴിക്കോട് എത്തിയതും അധികൃതർ പരിശോധന നടത്തി. പാമ്പിനെ കണ്ടതും പരിശോധിക്കാനെത്തിയ സംഘത്തിലെ ഒരാൾ വടി കൊണ്ട് പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി. തുടർന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി ട്രെയിൻ പരിശോധിച്ചു. ബാഗുകളും പരിശോധിച്ചെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല.



















