ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’, കൈയടി

Sep 18, 2026

seena

ഡൽഹി: അഫ്​ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ട്രോഫി സ്വീകരണ ചടങ്ങിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉദാത്ത മാതൃകയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരമ്പര ട്രോഫി സമ്മാനിക്കാൻ ശ്രേയസിനെ വേദിയിലേക്ക് വിളിച്ചപ്പോൾ കപ്പ് ഒരുമിച്ച് ഏറ്റുവാങ്ങാൻ പരമ്പര തോറ്റ അഫ്​ഗാൻ ടീമിന്റെ നായകൻ ഉബ്രാഹിം സാദ്രാനേയും അയ്യർ വേദിയിലേക്ക് വിളിച്ചു. ഇരുവരും ചേർന്നാണ് കപ്പുയർത്തിയത്. വിജയ ശേഷം നടന്ന ആഘോഷങ്ങളിൽ അഫ്​ഗാൻ താരങ്ങളെ പങ്കെടുപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ട്രോഫിയുമായുള്ള ഇന്ത്യൻ ടീമിന്റെ ഫോട്ടോയിലും നടുവിൽ നിൽക്കുന്നത് അഫ്​ഗാൻ നായകൻ തന്നെ!

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന പോരാട്ടത്തിൽ കൂറ്റൻ ജയം. ഇന്ത്യ 221 റൺസ് അടിച്ചെടുത്തപ്പോൾ അഫ്​ഗാന്റെ പോരാട്ടം വെറും 94 റൺസിൽ അവസാനിപ്പിച്ചു. 14.1 ഓവർ മാത്രമാണ് ഇന്ത്യക്ക് പന്തെറിയേണ്ടി വന്നത്. ജയം 127 റൺസിന്.

2018ൽ ബം​ഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് അഫ്​ഗാനിസ്ഥാൻ അവരുടെ കന്നി ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ കളിച്ചത്. അന്ന് അജിൻക്യ രഹാനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ടെസ്റ്റ് വിജയിച്ച് ഇന്ത്യ ട്രോഫി സ്വന്തമാക്കി. പിന്നാലെ ട്രോഫിയുമായി നിൽക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഫോട്ടോയ്ക്ക് ഒന്നിച്ചു നിൽക്കാൻ രഹാനെ അന്ന് അഫ്​ഗാൻ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. സമാന ആദരമാണ് ശ്രേയസും നൽകിയത്.

ഈ പരമ്പരയുടെ ആതിഥേയർ അഫ്​ഗാനിസ്ഥാനായിരുന്നു. സ്വന്തം നാട്ടിൽ ഇന്ത്യ എവേ ടീമായി കളിച്ചു എന്നതും പരമ്പരയുടെ സവിശേഷതയായിരുന്നു. എല്ലാ ഫോർമാറ്റിലുമായി ഇതാദ്യമായാണ് ഇന്ത്യക്കെതിരെ അഫ്​ഗാനിസ്ഥാൻ ഒരു ഹോം ഉഭയകക്ഷി പരമ്പര നടത്തുന്നത്. നേരത്തെ അഫ്​ഗാൻ മറ്റ് പല എതിരാളികൾക്ക് എതിരേയും ഇന്ത്യയിലെ വിവിധ വേദികളിൽ ആതിഥേയരെന്ന നിലയിൽ തന്നെ കളിച്ചിട്ടുണ്ട്. ഡെറാഡൂൺ, ലഖ്നൗ, ​ഗ്രെയ്റ്റർ നോയ്ഡ അടക്കമുള്ള വേദികളാണ് അഫ്​ഗാൻ തങ്ങളുടെ ഹോം ​ഗ്രൗണ്ടാക്കി പരമ്പര കളിച്ചത്.

ഇരു ടീമുകളും ഇനി ഏഷ്യൻ ​ഗെയിംസിനായി ജപ്പാനിലേക്ക് പോകും. ഏഷ്യൻ‌ ​ഗെയിംസ് ടി20 പോരാട്ടം കളിക്കാനാണ് ജപ്പാനിലേക്ക് പറക്കുന്നത്. നഗോയയിലെ നിഷിനില്‍ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് ​ഗെയിംസ് ടി20 പോരാട്ടങ്ങൾ. ക്യാപ്റ്റൻ ഇബ്രാഹിം സാദ്രാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി, അസ്മതുല്ല ഒമർസായ് എന്നിവർക്ക് അഫ്​ഗാൻ വിശ്രമം നൽകിയിട്ടുണ്ട്. ഇന്ത്യയാകട്ടെ നിതീഷ് റെഡ്ഡി ഒഴികെ പരമ്പര കളിച്ച എല്ലാ താരങ്ങളും ഏഷ്യൻ ​ഗെയിംസ് ടീമിലുമുണ്ട്.

cake tower new
LATEST NEWS
ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

ലഖ്‌നൗ: അന്തരിച്ച ഭർത്താവിന്റെ പേരിലുള്ള വ്യക്തിഗത വായ്പാ കുടിശ്ശിക തീർക്കാനായി വിധവയായ ഭാര്യയുടെ...