കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

Nov 15, 2026

മൗണ്ട് മൗന്‍ഗനൂയി: ജയ-പരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 187ന് ഓള്‍ഔട്ടായി. 31 റണ്‍സ് നേടിയ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് പിഴുതു. ജയത്തോടൊപ്പം 3-1ന് ഇന്ത്യ പരമ്പരയും പിടിച്ചു. കഴിഞ്ഞ ദിവസം അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ കൗമാര സംഘം നേടിയ വിജയത്തെ അനുസ്മരിപ്പിക്കും വിധം ആവേശഭരിതമായിരുന്നു ബേ ഓവലിലെ മത്സരം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209ന് പുറത്തായതോടെ, കളി കൈവിട്ടെന്ന പ്രതീതി ഉയര്‍ന്നിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറാം ഓവറില്‍ ഓപണര്‍ ടിം സെയ്ഫര്‍ടിന്റെ (14) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കിവികള്‍ അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരുത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ആതിഥേയര്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

മുൻനിര ബാറ്റർമാരെ ക്രീസിൽ നിലയുറപ്പിക്കാനനുവദിക്കാതെ അർഷ്ദീപും സിറാജും മിന്നിച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ വില്‍ യങ്ങിന് 22 റണ്‍സ് മാത്രമാണ് നേടാനായത്. നിക്ക് കെല്ലി (24), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (34) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഏറെനേരം നീണ്ടില്ല. ഫിന്‍ അലനെ (1) മുഹമ്മദ് സിറാജ് വന്ന വേഗത്തില്‍ തിരിച്ചയച്ചു. മധ്യനിരയില്‍ മൈക്കല്‍ ബ്രേസ്വെലിനെ (19) ആക്വിബ് നബി പറഞ്ഞയച്ചു. മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് ജയപ്രതീക്ഷ സമ്മാനിച്ചു. ഏഴാം വിക്കറ്റിൽ ക്രിസ്റ്റ്യൻ ക്ലാർക്കുമൊത്ത് കിവീസ് ക്യാപ്റ്റൻ ടീമിനെ 150 കടത്തി. സാന്റ്‌നറെ (24) നമൻ ധിർ മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.

ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (16), ബ്ലയര്‍ ടിക്ക്‌നര്‍ (14) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു. ജേക്കബ് ഡഫിയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. ഗൗതം ഗംഭീർ പരിശീലകനായ ശേഷം വിദേശ മണ്ണിൽ ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ന്യൂസീലൻഡിൽ ആതിഥേയർക്കെതിരെ ഇന്ത്യ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണിത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് സ്വന്തം നാട്ടിൽ ന്യൂസിലൻഡ് ഒരു ഏകദിന പരമ്പര തോൽക്കുന്നത്.

ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെടെ നിരാശപ്പെടുത്തിയതോടെ, ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് പുറത്താവുകയായിരുന്നു. 46 വീതം റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനുമാണ് ടോപ് സ്‌കോറര്‍മാര്‍. കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയ നിരയില്‍ തിളങ്ങി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിതും വിരാടും പരാജയപ്പെട്ടതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് സ്ക്വാഡിലേക്ക് ഇരുവരുടെയും സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും. കഴിഞ്ഞ മത്സരത്തില്‍ ഇരുവരും പൂജ്യത്തിനാണ് പുറത്തായതെങ്കില്‍, ഇത്തവണ യഥാക്രമം 7, 5 എന്നിങ്ങനെയാണ് സ്‌കോര്‍. പരമ്പരയിലാകെ 30 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. കിട്ടിയ അവസരം മുതലാക്കാനാകാതെ ഋതുരാജ് ഗയ്ക്വാദ് ഇന്നും ചെറിയ സ്‌കോറില്‍ പുറത്തായി. 27 പന്തില്‍ 18 റണ്‍സ് നേടിയ താരം വിക്കറ്റ് കീപ്പര്‍ സെയ്ഫര്‍ടിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 റണ്‍സുമായി കൂടാരം കയറി. മധ്യനിരയില്‍ അക്‌സര്‍ പട്ടേലും (55 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സ്) ഇഷാന്‍ കിഷനും (58 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 46) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. നമന്‍ ധിര്‍ 22 റണ്‍സ് നേടിയപ്പോള്‍, ആക്വിബ് നബി (5), യഷ് ഠാക്കൂര്‍ (0) എന്നിവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജും (14*) അര്‍ഷ്ദീപ് സിങ്ങും (14) ചേര്‍ന്നൊരുക്കിയ 28 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പാണ് ടീം സ്‌കോര്‍ 200 കടത്തിയത്.

LATEST NEWS
ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വര്‍ണക്കൊള്ളയില്‍ ഒരു ജ്വല്ലറി ഉടമയെയും...

‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്’; വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; വീഴരുതെന്ന് മുന്നറിയിപ്പ്

‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്’; വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരില്‍ വ്യാജ എസ്എംഎസ് അയച്ച്...