25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

Jun 27, 2026

ബോസ്റ്റണ്‍: ഒസ്മാന്‍ ഡെംബലെ 25 മിനിറ്റിനിടെ നേടിയ ഹാട്രിക്ക് ഗോള്‍ മികവില്‍ നോര്‍വെയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്‍മാരുടെ തകര്‍പ്പന്‍ ജയം. ഇഞ്ച്വറി സമയത്ത് ഡെറീറ ഡുവെ ഫ്രാന്‍സിന്റെ നാലാം ഗോളും വലയിലിട്ടു. നോര്‍വെയുടെ ആശ്വാസ ഗോള്‍ തെലോ ആസ്ഗാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

ജസ്റ്റ് ഫോണ്ടെയ്‌നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ഡെംബലെ മാറി. താരം നേടിയ ഹാട്രിക്കിലെ രണ്ട് ഗോളുകള്‍ക്ക് വഴി തുറന്നു കൊടുത്തത് എംബാപ്പെയാണ്. ഫോണ്ടെയ്ന്‍ 1958ലെ ലോകകപ്പില്‍ പരാഗ്വെയ്‌ക്കെതിരേയും വെസ്റ്റ് ജര്‍മനിക്കെതിരേയും രണ്ട് ഹാട്രിക്കുകള്‍ നേടിയിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലാണ് എംബാപ്പെ ഹാട്രിക്ക് നേടിയത്.

1994നു ശേഷം ആദ്യ പകുതിയില്‍ തന്നെ ഒരു താരം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്നതും ഇതാദ്യമാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണ് ഡെംബലെ നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അള്‍ജീരിയക്കെരേയും കാനഡയുടെ ജൊനാഥന്‍ ഡേവ്ഡ് ഖത്തറിനെതിരേയും ഇത്തവണ ഹാട്രിക്ക് ഗോളുകള്‍ വലയിലാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് ഫ്രാന്‍സ് കെട്ടഴിച്ചത്. ഏഴാം മിനിറ്റിലാണ് ഫ്രാന്‍സ് ഡെംബലയിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. ബോക്‌സിന്റെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത വലതു കാല്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ താരം ലീഡ് രണ്ടാക്കി. ആദ്യത്തെ ഈ രണ്ട് ​ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.

എന്നാല്‍ തൊട്ടു പിന്നാലെ നോര്‍വെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ബോക്‌സിന്റെ വക്കില്‍ നിന്നു ആസ്ഗാര്‍ഡ് എടുത്ത ഷോട്ട് അനായാസം വലയില്‍.

32ാം മിനിറ്റില്‍ ഡെംബലെ ഹാട്രിക്കും ഫ്രാന്‍സിന്റെ മൂന്നാം ഗോളും തികച്ചു. നോര്‍വെ ഗോള്‍ കീപ്പര്‍ എഗില്‍ സെല്‍വികിനെ കാഴ്ചക്കാരനാക്കി ഒരു കേളിങ് ഷോട്ടിലൂടെ ഡെംബലെ വല ചലിപ്പിക്കുകയായിരുന്നു. ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡെംബലെ ഹാട്രിക്ക് പൂർത്തിയാക്കിയത്.

രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ നോര്‍വെയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. നോര്‍വെ താരം സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബല ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മെന്യോന്‍ അനായാസം രക്ഷപ്പെടുത്തി. തിയോ ഹെര്‍ണാണ്ടസ് നോര്‍വെയുടെ ഓസ്‌കാര്‍ ബോബിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഒടുവില്‍ അവസാന ഇഞ്ച്വറി സമയത്ത് ഡുവേയിലൂടെ ഫ്രാന്‍സ് നാലാം ​ഗോൾ വലയിലിട്ട് പട്ടികയും തികച്ചു.

മൂന്നില്‍ മൂന്ന് പോരാട്ടങ്ങളും ജയിച്ച് ഫ്രാന്‍സ് നോക്കൗട്ടിലേക്ക്. നേരത്തെ ആതിഥേയരായ മെക്‌സിക്കോയും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് പോരാട്ടങ്ങളും വിജയിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സിന്റേയും നേട്ടം.

നോര്‍വെയും നോക്കൗട്ടുറപ്പാക്കിയിട്ടുണ്ട്. റൗണ്ട് 32ല്‍ ഐവറി കോസ്റ്റാണ് നോര്‍വെയുടെ എതിരാളികള്‍.

cake tower new
LATEST NEWS
മുരുക്കുംപുഴ ഗുരുദേവ ദർശന പഠന കേന്ദ്രം ലഹരി വിരുദ്ധ ദിനാചരണം – ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു

മുരുക്കുംപുഴ ഗുരുദേവ ദർശന പഠന കേന്ദ്രം ലഹരി വിരുദ്ധ ദിനാചരണം – ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു

മുരുക്കുംപുഴ: ഗുരുദേവ ദർശന പഠനകേന്ദ്രത്തിൻ്റെയും, ഗാന്ധി പീസ് ഫൗണ്ടേഷൻ്റെയും, ഐശ്വര്യ...

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ഗുരുദേവന്‍ 1924 ല്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് 2025...