നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Feb 9, 2026

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശിയായ ആരോണ്‍ അനില്‍ ജോസ് (20) ആണ് മരിച്ചത്. ആരോണിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആരോണ്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ രണ്ടുദിവസം മുന്‍പ് കേടായതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 1056-ല്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.

cake tower new
LATEST NEWS