തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചെന്ന പരാതിയിൽ രണ്ടുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ സ്വദേശി ബൈഷി, ശിവഗിരി സ്വദേശി ഷൈൻ എന്നിവരാണ് അറസ്റ്റിലായത്.

വർക്കല നടയറ പണയിൽ വീട്ടിൽ ഷെമിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെമിന്റെ സുഹൃത്താണ് അറസ്റ്റിലായ ബൈഷി. ഇയാൾ സ്ഥിരമായി ഷെമിനിന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഷെമിനിന്റെ വീട്ടിലെ കിടപ്പുമുറിയിലെ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന 7.9 ഗ്രാം തൂക്കമുള്ള സ്വർണമോതിരം ബൈഷി മോഷ്ടിക്കുകയും തുടർന്ന് സുഹൃത്തായ ഷൈൻ മുഖേന പണയം വയ്ക്കുകയും ചെയ്തതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി. വിശ്വാസവഞ്ചന നടത്തി പണം തട്ടിയെന്ന പരാതികൾ ബൈഷിക്കെതിരെ വർക്കല, കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിലും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.




















