ആറ്റിങ്ങൽ: പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്.
സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്സെഷന് ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ക്ക് പിഴയും താക്കീതും നല്കി. ബസുകളുടെ ഫിറ്റ്നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തി. മാസ്ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്കൂള്‍ ജങ്ഷന് എന്നിവിടങ്ങളിലായിരുന്നു പരിശോധന.


















