‘ജയിലർ 2’ വിൽ മറ്റു താരങ്ങൾക്കൊപ്പം തന്നെ കയ്യടി നേടുകയാണ് നടൻ സുരാജ് വെഞ്ഞാറമൂടും. ദിലീപ് എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തിയത്. സുരാജിന്റെ പെർഫോമൻസിനെക്കുറിച്ച് നടി മിർണ മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ രജനികാന്തിന്റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യന്റെ മരുമകൾ ശ്വേത പാണ്ഡ്യനായാണ് മിർണ അഭിനയിച്ചത്.
സുരാജിന്റെ കണ്ണുകളിലൂടെയുള്ള അഭിനയപ്രകടനമാണ് ചിത്രത്തിൽ തന്നെ ഏറെ ആകർഷിച്ചതെന്ന് മിർണ പറയുന്നു. റിപ്പോർട്ടർ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സുരാജേട്ടനും എനിക്കും ഡയറക്ട് കോമ്പിനേഷൻ സീനുകളില്ല. അട്ടപ്പാടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്താണ് എല്ലാവരെയും കാണുന്നത്. അവിടെവെച്ചാണ് സുരാജേട്ടനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന് അറിയുന്നത്.

സുരാജേട്ടന്റെ കണ്ണുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ഐ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളത്. ഇത്രയും എക്സ്പ്രസീവ് ആയ കണ്ണുകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹം അത്രയും വണ്ടർഫുൾ ആയിട്ടുള്ള നടനാണ്. നമുക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് തോന്നിപ്പോകും”.- മിർണ പറഞ്ഞു.

“മലയാളത്തിൽ സുരാജേട്ടൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കോമഡി കഥാപാത്രങ്ങളിൽ നിന്ന് നമ്മൾ ഇമാജിൻ ചെയ്യാൻ പോലും പറ്റാത്ത തരത്തിൽ ഗൗരവമുള്ള വേഷങ്ങൾ അടുത്തടുത്തായി ചെയ്യുന്നു. അതേസമയം, കോമഡി വേഷങ്ങൾ ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിൽ ദശമൂലം ദാമുവാണ് എന്റെ ഫേവറിറ്റ്. ദശമൂലം ദാമുവിനെ അവതരിപ്പിച്ച സുരാജേട്ടനെ നമ്മൾ ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ സീക്വൻസിൽ കാണുമ്പോഴുള്ള ആ മാറ്റം ശ്രദ്ധിക്കണം. അപ്പോഴാണ് അദ്ദേഹം ഒരു എക്സ്ട്രാ ഓർഡിനറി ആർട്ടിസ്റ്റാണെന്ന് മനസിലാകുന്നത്.



















