തിരുവനന്തപുരം: സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന്‍ നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍, സംസ്ഥാന കോര്‍ കമ്മിറ്റി വിപുലീകരിക്കാന്‍ അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു. കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തേണ്ട പേരുകള്‍ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തി ദേശീയ അധ്യക്ഷന്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.


















