കൊല്ലം: ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ‘കുപ്പി കള്ള്’ അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള ടോഡി ബോര്‍ഡ്. നിലവില്‍, കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാന്‍ സാധിക്കൂ. പുളിക്കുന്നതു മൂലം മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാല്‍ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാറില്ല.
പുളിക്കുന്നത് നീട്ടിവെച്ച് കൂടുതല്‍ കാലത്തേയ്ക്ക് കേടുകൂടാതെ കള്ള് സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് കേരള ടോഡി ബോര്‍ഡ് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്. ആല്‍ക്കഹോള്‍ അളവില്‍ മാറ്റം വരുത്താതെയും അതിന്റെ തനതായ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കല്‍ നീട്ടിവെയ്ക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. ബിയര്‍ ആകൃതിയിലുള്ള കുപ്പികളിലാണ് ഉല്‍പ്പന്നം വില്‍ക്കാന്‍ പ്ലാന്‍ ഇടുന്നത്. വിപണി വിപുലീകരിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
‘നിലവില്‍, കുപ്പിയില്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ കള്ള് അമ്ലമായി മാറുന്നു. മദ്യത്തിന്റെ അളവ്, രുചി എന്നിവയെ ബാധിക്കാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള ഒരു രീതി അവലംബിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത് വാണിജ്യ വിപണിയില്‍ കുപ്പി കള്ള് അവതരിപ്പിക്കാനും കള്ള് ഷാപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഞങ്ങളെ അനുവദിക്കും, ‘- ബോര്‍ഡ് ചെയര്‍മാന്‍ യു പി ജോസഫ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി, ജോസഫും ബോര്‍ഡ് ഉദ്യോഗസ്ഥരും കളമശ്ശേരിയിലെ കിന്‍ഫ്ര ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലെ സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് സന്ദര്‍ശിച്ചു. അവിടെ അവര്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കുപ്പി കള്ള് പരിശോധിക്കുകയും രുചിക്കുകയും ചെയ്തു.
‘വളരെക്കാലമായി കള്ള് കുപ്പിയിലാക്കുന്നത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. നിരവധി സര്‍വകലാശാലകള്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഒരു പ്രതീക്ഷ നല്‍കുന്ന സാങ്കേതികവിദ്യ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ രീതി സ്വീകരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. എല്ലാം ശരിയാണെങ്കില്‍, കുപ്പി കള്ള് ഉത്പാദിപ്പിക്കുന്നതിനും ഞങ്ങളുടെ വിതരണ ചാനലുകള്‍ വഴി വിപണിയില്‍ അവതരിപ്പിക്കുന്നതിനും സ്വകാര്യ ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപ്പത്രം ക്ഷണിക്കും,’- യു പി ജോസഫ് കൂട്ടിച്ചേര്‍ത്തു.
‘പിഎച്ച് ലെവല്‍ മാറ്റുന്നതിലൂടെ, കള്ളിന്റെ സുഗന്ധവും രണ്ടു ശതമാനം വരെ സ്ഥിരമായ ആല്‍ക്കഹോള്‍ അളവും നിലനിര്‍ത്തിക്കൊണ്ട് പുളിപ്പിക്കല്‍ പ്രക്രിയയെ നമുക്ക് നീട്ടാന്‍ കഴിയും. ഈ പ്രക്രിയ വഴി കള്ള് കുപ്പിയിലാക്കി ഒരു വര്‍ഷം വരെ സൂക്ഷിക്കാനും അതിന്റെ സ്വാഭാവിക മധുരം നിലനിര്‍ത്താനും കഴിയും,’- സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ചിന്റെ മാനേജിങ് ഡയറക്ടര്‍ സി മോഹന്‍ കുമാര്‍ പറഞ്ഞു.