ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുമോ എന്ന് ആശങ്ക. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 76 ഡോളറാണ്. ഇടക്കാലത്ത് മേഖലയില്‍ സമാധാന്തരീക്ഷം നിലനിന്നിരുന്ന സമയത്ത് ഒരു ഘട്ടത്തില്‍ 70 ഡോളറിന് താഴേക്ക് എണ്ണവില നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ എണ്ണവില ബാരലിന് നൂറിന് മുകളിലേക്ക് വീണ്ടും പോകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
ഹോര്‍മുസ് കടലിടുക്ക് ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ അടച്ചിടുകയാണെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഞായറാഴ്ച പുലര്‍ച്ചെ ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്. ഇതിന് മറുപടിയായി ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.
അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് കടലിടുക്ക് അടച്ചുപൂട്ടുന്നതെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഒന്നിലധികം കപ്പലുകള്‍ തങ്ങളുടെ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് മുന്നോട്ട് പോയെന്നും അതിലൊന്നിന് നേരെ മുന്നറിയിപ്പ് വെടിവെയ്പ്പ് നടത്തി തടഞ്ഞുവെച്ചതായും ഇറാന്‍ അറിയിച്ചു. ഈ പ്രദേശത്തെ അമേരിക്കന്‍ ഇടപെടലുകള്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഇറാനില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഏതാണ്ട് 140 ഓളം ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ അതിനുള്ള വില നല്‍കുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അയല്‍രാജ്യമായ ബഹ്റൈനിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. പൗരന്മാരോട് ശാന്തരായിരിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ മിസൈല്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റ് സൈന്യവും തങ്ങള്‍ക്ക് നേരെ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു.

















