സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ഉസ്കൂൾ’ എന്ന പേരിലാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെയും അധ്യാപക, അനധ്യാപക, രക്ഷാകതൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ് ലക്ഷ്യം.
സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, സ്കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്കൂൾ സുരക്ഷാസമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ, സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ രേഖപ്പെടുത്തി പ്ലാനുകൾ തയ്യാറാക്കാം. സുരക്ഷാ പദ്ധതിരേഖ തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുക എന്നതാണ് ആപ്കൊണ്ട് ഉദ്ദേശിക്കുന്നത്.


















