തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ (കുടിയേറ്റ തൊഴിലാളികള്‍) തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമേ കേരളത്തില്‍ ചിലവഴിക്കുന്നുള്ളൂ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിയമസഭയിലെ പ്രസ്താവനയെ എതിര്‍ത്ത് സന്നദ്ധ സംഘടന. കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തില്‍ ചിലവഴിക്കുന്നുണ്ടെന്നാണ്, തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമാക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ പ്രത്യേകിച്ച് ഗോതമ്പ് മാവ്, പലചരക്ക് സാധനങ്ങള്‍, മദ്യം എന്നിവ വാങ്ങുന്നതിനായി മാത്രമേ പണം ചെലവഴിക്കുന്നുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍ താമസം, ഗതാഗതം, ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപ കേരളത്തില്‍ ചിലവഴിക്കുന്നുണ്ടെന്ന് ‘സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ്’ (CMID) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ വ്യക്തമാക്കി. ഇവര്‍ കേരളത്തില്‍ ചിലവഴിക്കുന്ന തുകയെക്കുറിച്ച് ഔദ്യോഗികമായ മറ്റ് വിവരങ്ങളൊന്നുമില്ലെങ്കിലും, തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും ഇവിടെത്തന്നെ ചിലവഴിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനോയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരുപക്ഷേ ‘തെറ്റിദ്ധാരണ’ മൂലം ഉണ്ടായതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ പ്രധാന ഭാഗം കൈക്കലാക്കുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തന്നെ വലിയതോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ അവരുടെ നാട്ടിലേക്ക് പണം അയക്കുന്നതില്‍ എന്താണ് തെറ്റ്?. മുഖ്യമന്ത്രിയെപ്പോലെ ഒരു പ്രധാന വ്യക്തി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍, തൊഴിലാളികള്‍ക്കെതിരായ വിദ്വേഷം ശക്തിപ്പെടുത്താന്‍ മാത്രമേ അത് സഹായിക്കൂ. ബിനോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, ‘അതിഥി തൊഴിലാളികള്‍’ എന്നതിന് പകരം ‘കുടിയേറ്റ തൊഴിലാളികള്‍’ എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. ‘അതിഥി തൊഴിലാളികള്‍’ എന്ന പ്രയോഗം അവരെ നമ്മളില്‍ ഒരാളല്ല എന്ന രീതിയില്‍ മാറ്റിനിര്‍ത്തുന്ന ഒരു തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ പണമയക്കലിനെക്കുറിച്ച് ഒരു പഠനം ആരംഭിക്കുമെന്ന വിഡി സതീശന്റെ പ്രഖ്യാപനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇത് തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കിയ ‘കേരളത്തിലെ കുടിയേറ്റം, അനൗപചാരിക തൊഴില്‍, നഗരവല്‍ക്കരണം’ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ആകുമ്പോഴേക്കും കേരളത്തില്‍ 45.7 ലക്ഷത്തിനും 47.9 ലക്ഷത്തിനും ഇടയില്‍ കുടിയേറ്റ ജനസംഖ്യ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ ഉള്ളതുകൊണ്ട് മാത്രം പ്രവര്‍ത്തിച്ചുപോകുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലുമുണ്ട്.
45 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ 800 രൂപ ദിവസവേതനത്തില്‍ മാസത്തില്‍ 22 ദിവസവും വര്‍ഷത്തില്‍ 10 മാസവും ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ നാട്ടിലേക്ക് അയച്ച പണം കണക്കാക്കിയ ശേഷം, സംസ്ഥാനത്തിന് 26,000 കോടിയിലധികം വരുമാനം ലഭിക്കുന്നതായി ബിനോയ് പീറ്റര്‍ പറഞ്ഞു.
കേരളത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ പകുതി പേര്‍ക്ക് മാത്രമേ തൊഴിലുടമയില്‍ നിന്ന് താമസ സൗകര്യം ലഭിക്കുന്നുള്ളൂവെന്ന് ബിനോയ് പറഞ്ഞു. ബാക്കിയുള്ളവര്‍ അവരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം വാടക നല്‍കാനായി വിനിയോഗിക്കുകയാണ്. പൊതുഗതാഗത സംവിധാനത്തില്‍ സാധാരണയായി തിരക്ക് കുറവുള്ള സമയമായ രാവിലെ 9 മണിക്ക് മുന്‍പുള്ള സമയം, ഈ തൊഴിലാളികള്‍ കാരണം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയമായി മാറി. ആവശ്യം മനസ്സിലാക്കി, ഒഡീഷ പോലുള്ള അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും ഇന്ന് കേരളത്തില്‍ നിന്ന് സജീവമാണ്. ബിനോയ് പറഞ്ഞു.
ടാക്‌സികള്‍, ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ ഭാഗമാണെന്ന് എന്‍ജിഒ അതിഥി വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രതിനിധി ഷിഹാബ് പരേലി പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു പരിധിവരെ ശരിയാണെങ്കിലും, കുടിയേറ്റക്കാര്‍ പണം ചെലവഴിക്കുന്നില്ല എന്ന പൊതുധാരണ മലയാളികളുടെ വിദ്വേഷ മനോഭാവത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെ മലയാളികള്‍ ചെലവഴിക്കുന്ന മിക്കവാറും എല്ലാ മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ പണം ചെലവഴിക്കുന്നുണ്ട്. പലരും ഇപ്പോള്‍ ഇവിടെ കുടുംബങ്ങളുമായി സ്ഥിരതാമസമാക്കിയിട്ടുണ്ട്. കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ കാരണം മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും ഉണ്ട്. അദ്ദേഹം പറഞ്ഞു.
















