തിരക്കുകൾക്കിടയിലും സ്നേഹസ്പർശമായി ഒരു വിദ്യാരംഭചടങ്ങ് ക്ലിഫ് ഹൗസിൽ നടന്നു. ഭരണപരമായ തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിലും കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമയം കണ്ടെത്തി. 21 ന് വിദ്യാരംഭ ദിവസം മുഖ്യമന്ത്രി തലസ്ഥാനത്തു ഇല്ലാത്തതു കൊണ്ടാണ്,
നേരത്തെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വിദ്യാരംഭ ചടങ്ങ് നടന്നത്.

അഖിൽ- പഞ്ചമി ദമ്പതികളുടെ മകൾ അലംകൃതയും അരുൺ കുമാർ- ഹിമ ദമ്പതികളുടെ മകൾ സൗപർണികയും ഉമേഷ്- അഖില ദമ്പതികളുടെ മകൾ ദ്രോണയും ക്ലിഫ് ഹൗസിലെത്തി ആദ്യാക്ഷരം കുറിച്ചു. കുട്ടികളോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്. കുട്ടികൾ മുഖ്യമന്ത്രിക്ക് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കുരുന്നുകളുടെ കൈ പിടിച്ച് അരിയിൽ “ഹരിശ്രീ ഗണപതയേ നമഃ” എന്ന് എഴുതിച്ച മുഖ്യമന്ത്രി, അവരുടെ നാവിൽ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.
കുരുന്നുകൾ തികഞ്ഞ കൗതുകത്തോടും ചിരിയോടെയും ഈ ചടങ്ങിൽ പങ്കാളികളായത്. കണ്ടു നിന്ന എല്ലാവർക്കും മനോഹരമായ അനുഭവമായി മാറി. കുട്ടികൾക്ക് മധുരവും നൽകിയാണ് മുഖ്യമന്ത്രി അവരെ മടക്കി അയച്ചത്.




















