ഡൽഹി: വാഹനാപകടങ്ങളും ക്ലെയിമുകളും സംബന്ധിച്ച ഡേറ്റബേസ് ഉൾപ്പെടെ ലഭ്യമാക്കുന്ന പുതിയ പോർട്ടൽ, ഇൻഷുറൻസ് കമ്പനികൾ സജ്ജമാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കടലാസു ജോലികൾ കുറയ്ക്കാനും എളുപ്പത്തിൽ ക്ലെയിമുകൾ ഉറപ്പാക്കാനുമാണിത്.
ഓരോ വാഹനാപകടത്തെക്കുറിച്ചും പൊലീസ്, ഡേറ്റ ബേസിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യും. വാഹൻ പോർട്ടലിന്റെ ഭാഗമായ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കമ്പനികൾക്കും പോർട്ടലിൽ നിന്ന് അറിയിപ്പു ലഭിക്കും.
ക്ലെയിമുകളുടെ തീർപ്പിനായി ജനറൽ ഇൻഷുറൻസ് കോർപറേഷനും ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് പോർട്ടലും മൊബൈൽ ആപ്പും തയാറാക്കണമെന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നു.



















