തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കരടിയെ ഉടൻ പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു.
കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. 20 അടി താഴ്ചയുള്ള കിണറിലണ് കരടി വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വല വിരിച്ചതിന് ശേഷം കരടിയെ മയക്കുവെടിവെച്ചെങ്കിലും അത് വലയിൽ നിന്ന് വഴുതി കിണറിന്റെ ആഴങ്ങളിലേക്ക് പോകുകയായിരുന്നു.
രണ്ടാം ശ്രമത്തിലാണ് കരടിക്ക് മയക്കുവെടിയേറ്റത്. കരടി കിണറിനടിയിലേക്ക് പോയതോടെ രക്ഷാപ്രവർത്തകർ കിണറ്റിലിറങ്ങിയെങ്കിലും ആഴമുള്ളതിനാൽ കരടിയെ രക്ഷിക്കാൻ ഇതുവരെയുമായിട്ടില്ല. കിണറിലിറങ്ങി വെള്ളത്തിൽ മുങ്ങി നോക്കിയെങ്കിലും ശ്വാസമെടുക്കാൻ കഴിയാതെ വന്നതിനാൽ തിരിച്ചുകറുകയായിരുന്നു. തുടർന്ന് കിണറിലെ വെള്ളം വറ്റിച്ച് കരടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.