വാട്ടർ മെട്രോ: വൈറ്റില-കാക്കനാട് സര്‍വീസും ഹിറ്റ്; രാവിലെയും വൈകിട്ടും മൂന്നു വീതം സർവീസുകൾ

Apr 28, 2023

seena

കൊച്ചി: വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസും ഹിറ്റായി. ആദ്യ ദിന സർവീസിൽ ബോട്ടുകളിൽ നിറയെ യാത്രക്കാരെത്തി. രാവിലെയും വൈകിട്ടും മൂന്നു വീതം സർവീസുകളായിരുന്നു നടത്തിയത്. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് കാക്കനാട് റൂട്ടിൽ സർവീസ്.

വീൽചെയർ യാത്രക്കാരായ ഡോ. സിജു വിജയനും സൗമ്യ അയ്യരുമായിരുന്നു ആദ്യ യാത്രക്കാർ. കലക്ടർ എൻ എസ് കെ ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ സേതുരാമൻ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ, സ്മാർട് സിറ്റി സിഇഒ മനോജ് നായർ, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ എന്നിവരും ആദ്യ ബോട്ടിലെ യാത്രക്കാരായി.

കാക്കനാട് ചിറ്റേത്തുകര ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് കെഎസ്ആർടിസി ഫീഡർ ബസുകളും ഇലക്ട്രിക് ഓട്ടോകളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി–വൈപ്പിൻ റൂട്ടിൽ ഇന്നലെയും നല്ല തിരക്കുണ്ടായി. രണ്ടാം ദിവസമായ ഇന്നലെ 7039 പേർ യാത്ര ചെയ്തു. ആദ്യദിനം 6559 പേര്‍ വാട്ടർ മെട്രോയിൽ യാത്ര ചെയ്തതായി കെഎംആർഎൽ അധികൃതർ അറിയിച്ചിരുന്നു.

cake tower new
LATEST NEWS