സീറ്റുകൾ 12 ആയാൽ വനിതകൾക്ക് എത്ര കിട്ടും?, മണ്ഡല പുനർ നിർണയത്തോടെ പ്രാതിനിധ്യം ഇനിയും കുറയുമോ?, ആശങ്ക

Mar 27, 2025

തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നു. ഡീലിമിറ്റേഷനോടെ, സംസ്ഥാനത്തെ മണ്ഡലങ്ങൾ 12 ആയി കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ആശങ്ക. വനിതാ സംവരണ ബില്‍ പാസായെങ്കിലും, അതിന്റെ നടപ്പാക്കല്‍ അടുത്ത സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയ എന്നീ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരള രാഷ്ട്രീയം പുരുഷാധിപത്യ മനോഭാവത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് സംസ്ഥാനത്തെ വനിതാ നേതാക്കളുടെ നിരീക്ഷണം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20 സീറ്റില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അഞ്ച് വനിതകളെയുമാണ് മത്‌സരിപ്പിച്ചത്. ഡീലിമിറ്റേഷനു ശേഷം മൊത്തം സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ ഇനിയും കുറവുണ്ടാകുമെന്ന് വനിതാനേതാക്കള്‍ പറയുന്നു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍, മതിയായ വനിതാ പ്രാതിനിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘എല്ലാ സഭകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കരുത്.’ ശൈലജ ആവശ്യപ്പെട്ടു.

വനിതാ സംവരണ ബില്‍ പാസാക്കിയത് ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കേരള രാഷ്ട്രീയം പുരുഷാധിപത്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തി നിര്‍ണ്ണയം മൂലം ലോക്സഭയിലെ സീറ്റുകളുടെ കുറവ് സംസ്ഥാനത്തെ കുറഞ്ഞത് 25 വര്‍ഷമെങ്കിലും പിന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യം ഇതിനകം വളരെ കുറവാണ്. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ അത് കൂടുതല്‍ വഷളാക്കും,’ ഷാനിമോള്‍ പറഞ്ഞു.

രണ്ട് മാനദണ്ഡങ്ങളോടെ നിയമനിര്‍മ്മാണം പാസാക്കുന്നത് സ്ത്രീ ശാക്തീകരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടു. ‘ഫാസിസ്റ്റുകള്‍ ഒരിക്കലും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ബിജെപി സ്ത്രീവിരുദ്ധമായ രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നത്. വനിതാ സംവരണ ബില്‍ പാസായതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 14 ശതമാനം ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് 13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആനി രാജ കൂട്ടിച്ചേര്‍ത്തു.

വനിതാ സ്ഥാനാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന മാനദണ്ഡമാണ്, വിജയസാധ്യത എന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു പറഞ്ഞു. ‘സ്ത്രീ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയില്‍ അനുകൂലമായ മനോഭാവം ഇല്ലെന്നല്ല. സീറ്റുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാദം വിജയസാധ്യതയുടെ ഏക മാനദണ്ഡമാണ്’. സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ കാരണം ഇതായിരിക്കാമെന്നും സിന്ധു അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പത്മജ വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വിജയിക്കുന്ന സീറ്റുകള്‍ നല്‍കില്ല. അഥവാ നല്‍കിയാലും, അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കും. അപ്പോള്‍ അത്തരം സീറ്റുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്ന പ്രവണതയുണ്ട്. ഈ കാര്യത്തില്‍ എല്‍ഡിഎഫ് പോലും കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ്.’ പത്മജ പറഞ്ഞു.

cake tower new
LATEST NEWS
മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ്...