പണവും മൊബൈലും മറ്റും വാങ്ങി, നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറി; യുവാവ് ജീവനൊടുക്കിയതിൽ പെൺകുട്ടിക്കെതിരെ പരാതി

Jan 9, 2024

തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നിൽ പ്രണയ പരാജയമെന്നു കുടുംബം പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്. ‌

നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെൺകുട്ടി വിവാഹ വാ​ഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എല്ലാം വാങ്ങി നൽകിയതും മിഥുവാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

കായിക താരമായ മിഥു കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരുടേയും സമ്മതത്തിൽ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതിൽ മനംനൊന്ത് മിഥു മാനസികമായി തളർന്ന അവസ്ഥയിലായി. പരാതിയിൽ പറയുന്നു.

പിന്നാലെ മിഥുവിന്റെ മാതാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല എന്നും തുടർന്നു മിഥു മോഹനെ ഫോണിൽ വിളിച്ച് നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയിലുണ്ട്.

LATEST NEWS