ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് സർക്കാർ ഉത്തരവ്. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാർക്ക് നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തറവിറക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്താണ് കുട്ടിയേയും പിതാവിനേയും അപമാനിച്ചത്. എന്നാൽ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഐ.എസ്.ആർ.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകൾ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങൽ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാർ നിർത്തിയിരുന്നതിന് അല്പമകലെയായി സ്കൂട്ടർ നിർത്തി മകൾക്ക് കടയിൽനിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോൾ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോൺ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോൺ നീട്ടിയപ്പോൾ കാറിൽനിന്ന് ഫോണെടുത്ത് ജയചന്ദ്രൻ മകളെ ഏൽപ്പിക്കുന്നതു കണ്ടുവെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകൾകൂടി.
ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രൻ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനിൽ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാൻ തുടങ്ങി.

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെൽ കേട്ട് നടത്തിയ തിരച്ചിലിൽ കാറിന്റെ സീറ്റുകവറിനുള്ളിൽ നിന്ന് ഫോൺ കണ്ടെടുത്തു. ഇവർ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രൻ പറയുന്നു. എന്നാൽ, പോലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽഫോൺ കിട്ടിയിട്ടും രജിത ആക്ഷേപം തുടർന്നെന്നായിരുന്നു ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.


















