സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എം.ഡി.എം.എ. പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി. റഹീന (27) ആണ് പിടിയിലായത്.
ഇവരുടെ പക്കല്‍നിന്ന് 5.55 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍നിന്ന് റഹീനയെ പിടികൂടിയത്. ബസില്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം കയറിയപ്പോള്‍ റഹീന തന്റെ കൈയിലുണ്ടായിരുന്ന ഒരു പൊതി പുറത്തേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ എം.ഡി.എം.എ.യാണെന്ന് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എന്‍. ശ്രീജമോള്‍, ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

















