മലപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ നഷ്ടപ്പെട്ട മാല ഒരു വർഷത്തിനുശേഷം അവിടെനിന്നു തന്നെ തിരികെ ലഭിച്ച സന്തോഷത്തിലാണ് എടപ്പാൾ, പൊൽപാക്കര സ്വദേശി സരോജിനി. ഒപ്പം ജോലി ചെയ്തിരുന്ന വിനോദിനിക്കു ചെളിയിൽ പുതഞ്ഞ നിലയിൽ മാല ലഭിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം എടപ്പാൾ പഞ്ചായത്തിലെ 4–ാം വാർഡിലെ പൊൽപാക്കര താഴം തോട്ടിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് സരോജിനിയുടെ രണ്ട് പവന്റെ മാല നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാല പോയെന്നറിഞ്ഞത്. തിരിച്ചുചെന്ന് പണി ചെയ്തിടത്ത് മുഴുവൻ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. ഇതേ സ്ഥലത്തു വ്യാഴാഴ്ച്ച സരോജിനി ഉൾപ്പെടെയുള്ളവർ തോട് വൃത്തിയാക്കാൻ ഇറങ്ങി. ഇതിനിടെയാണ് വിനോദിനിക്ക് മാല കിട്ടിയത്.

















