വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർഥ കുളത്തിൽ കാണാതായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാരതി( 22) ന്റെ മൃതദേഹം രാവിലെ 6 മണിയോടെ കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് 7 മണിയോടെയാണ് യുവാവ് മറ്റ് 2 സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തി.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്കൂബാ ടീമും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിർത്തിവച്ച തെരച്ചിൽ പുനരാരംഭിക്കാൻ രാവിലെ 6 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കുളത്തിൽ മൃതദേഹം കാണപ്പെടുകയായിരുന്നു.
മൃതദേഹം വർക്കല ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുനെല്‍വേലി അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഭാരതി.
കഴിഞ്ഞദിവസം രാവിലെ വിനോദയാത്രയുടെ ഭാഗമായാണ് വര്‍ക്കലയിലെത്തിയത്. രാത്രിയോടെ മടങ്ങാൻ ഇരിക്കവെയാണ് അപകടം സംഭവിച്ചത്.

















